കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് സമര്‍പ്പിച്ച അലൈന്‍മെന്റിനാണ് അംഗീകാരം ലഭിച്ചത്. മറിപ്പുഴ – ചൂരല്‍മല (അലൈന്മെന്റ് -1), മറിപ്പുഴ-മീനാക്ഷി ബ്രിഡ്ജ് (അലൈന്മെന്റ് -2), മുത്തപ്പന്‍പുഴ-മീനാക്ഷി ബ്രിഡ്ജ് (അലൈന്മെന്റ് -3), മറിപ്പുഴ-കള്ളാടി (അലൈന്മെന്റ് -4) എന്നിങ്ങനെ നാല് അലൈന്മെന്റുകള് ശുപാര്‍ശ ചെയ്തതില്‍ മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്ന രണ്ടാമത്തെ അലൈന്‍മെന്റിനാണ് അംഗീകാരം ലഭിച്ചതെന്നെ് ജോർജ് എം തോമസ് എംഎൽഎ അറിയിച്ചു.
ഈ അലൈൻമെന്റ് പ്രകാരം തുരങ്കത്തിനു തന്നെ എട്ട് കിലോ മീറ്റര്‍ ദൂരമുണ്ടാവും. മറിപ്പുഴയില്‍ നിര്‍മ്മിക്കുന്ന പ്രധാന പാലം അവസാനിക്കുന്നിടത്ത് നിന്ന് തന്നെയാണ് തുരങ്കം ആരംഭിക്കുന്നതും. ഇരുവശത്തുമായി 560 മീറ്റര്‍ മാത്രമാണ് അപ്രോച്ച് റോഡിന് ആവശ്യമുള്ളത്. അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിനാല്‍ വേഗത്തില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനാവും. ഇതോടൊപ്പംതന്നെ മറിപ്പുഴയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെയുള്ള പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി ആരംഭിക്കാനുമാവുമെന്നും എംഎല്‍എ അറിയിച്ചു.
തുരങ്കപാതയുടെ നിർമ്മാണത്തിനുള്ള പാരിസ്ഥിതിക ആഘാത പഠനം ഡിസംബറിൽ ആരംഭിച്ചിരുന്നു. താമരശേരി ചുരത്തിനു ബദലായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയില്‍ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. 16 കിലോ മീറ്ററാണ് പാതയുടെ മൊത്തം ദൈര്‍ഘ്യം കണക്കാക്കിയിരുന്നത്. കള്ളാടിയില്‍നിന്ന് പാതയെ മേപ്പാടിയുമായി ബന്ധിപ്പിക്കും. ഈ ചുരം ബദല്‍ പാതയ്ക്കുവേണ്ടി വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുയായിരുന്നു ഇരു ജില്ലക്കാരും.
നിലവില്‍ താമരശേരി, പക്രംതളം ചുരങ്ങള്‍ വഴിയാണു വയനാട്ടിലേക്കുള്ള യാത്ര. കോഴിക്കോട് നഗരത്തില്‍നിന്ന് കുന്ദമംഗലം, കൊടുവള്ളി, താമരശേരി കഴിഞ്ഞുള്ള ചുരം പാത വയനാട്ടിലെ ലക്കിടിയിലാണെത്തുക.
മൂന്നു വര്‍ഷം കൊണ്ട് തുരങ്കപാതാ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. പാത പ്രാവര്‍ത്തികമാകുന്നതോടെ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലേറെകുറയും. നിലവില്‍ 85 കിലോ മീറ്ററാണു കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കുള്ള ദൂരം. അത് 54 കിലോ മീറ്ററായി കുറയും.
പദ്ധതി പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാവും ആനക്കാംപൊയില്‍-കള്ളാടി പാത. നിലവില്‍ ഒരേയൊരു തുരങ്കപ്പാതയാണു കേരളത്തിലുള്ളത്. തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനിലേത്. 962 മീറ്റര്‍ വരുന്ന കുതിരാന്‍ ഇരട്ടതുരങ്കങ്ങളിലൊന്നിന്റെ പ്രവൃത്തി ഇനിയും പൂര്‍ണമായിട്ടില്ല.