ക്ഷേത്ര വളപ്പിലിരുന്ന് ഓൺലൈൻ പഠനം; വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പൊലീസ്.

തിരുവനന്തപുരം: നെറ്റ് വർക്ക് കവറേജ് ഇല്ലാത്തതിനാൽ വീടിനു സമീപത്തെ ക്ഷേത്രത്തിനു സമീപമിരുന്ന് ഓൺലൈൻ പഠനം നടത്തിയ പ്ലസ് വൺ വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദിച്ചു. ലോക്ഡൗൺ ചട്ടലംഘനം ചൂണ്ടിക്കാട്ടി ലാത്തിയും കേബിളും ഉപയോഗിച്ചായിരുന്നു കാട്ടാക്കട പൊലീസിന്റെ മർദനം. ഓടുന്നതിനിടെ വീണ കുട്ടിയെ നിലത്തിട്ടു ചവിട്ടി. ബഹളം കേട്ട് ഒരു കുട്ടിയുടെ മാതാവെത്തി കരഞ്ഞു പറഞ്ഞിട്ടും ഇവരുടെ മുന്നിലിട്ടും മർദിച്ചുവെന്ന് രക്ഷിതാക്കൾ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

കുട്ടികളെ ജീപ്പിൽ വിവിധ സ്ഥലങ്ങളിലൂടെ ചുറ്റിക്കറക്കി സ്റ്റേഷനിലെത്തിച്ച ശേഷമാണ് രക്ഷിതാക്കൾക്ക് കൈമാറിയത്. കുട്ടികളുടെ മുതുകിലും മറ്റും അടിയേറ്റ പാടുകളുണ്ട്. പ്രിൻസിപ്പൽ എസ്‌ഐ ഉൾപ്പെടെ രണ്ട് ജീപ്പുകളുമായി വന്ന പൊലീസുകാരാണ് ഞായറാഴ്ച ഉച്ചയ്ക്ക് അഞ്ചുതെങ്ങിന്മൂട് യോഗീശ്വര ക്ഷേത്രാങ്കണത്തിൽ വിദ്യാർത്ഥികളെ മർദിച്ചത്. ബാലാവകാശ കമ്മിഷൻ സ്ഥലത്തെത്തി അന്വേഷണം നടത്തി.