ജെസ്‌നക്കേസ്; ഇനി സി.ബി.ഐ.യുടെ ഊഴം

കോട്ടയം: റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയം ജെയിംസി(20)നെ കാണാതായിട്ട് മൂന്നുവർഷം. 2018 മാർച്ച് 22-നാണ് ജെസ്‌നയെ കാണാനില്ലെന്ന് അച്ഛൻ പോലീസിൽ പരാതിപ്പെട്ടത്. ലോക്കൽ പോലീസും സ്പെഷ്യൽ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് ഇപ്പോൾ സി.ബി.ഐ.ലേക്ക് എത്തുന്നത്. കേസിന്റെ നാൾവഴി ഇങ്ങനെ.

* 2018 മാർച്ച് 22-ന് ജെസ്‌നയെ കാണാനില്ലെന്ന് അച്ഛൻ ജെയിംസ്, വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ടായിരുന്നു.

* കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ രണ്ടാം വർഷ ബി.കോം. വിദ്യാർഥിനിയായിരുന്നു ജെസ്‌ന. പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്ന ജെസ്‌ന, പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നെന്ന് അടുത്തവീട്ടിൽ അറിയിച്ചാണ് 22-ന് രാവിലെ 9.30-ന് ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറയിലേക്ക്‌ പോയത്.

* കോൺട്രാക്ടറായ ജെയിംസ് രാവിലെ 7.15-നും, കൂവപ്പള്ളിയിൽ വിദ്യാർഥിയായ സഹോദരൻ 8.30-നും വീട്ടിൽനിന്ന് പോയിരുന്നു. പുസ്തകവും ഹാൻഡ്ബാഗുമായി വീടിനു മുന്നിലെത്തിയ ജെസ്‌ന കുടുംബത്തിന് പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ വരെ പോയത്.

*പക്ഷേ, ജെയിംസിന്റെ മുണ്ടക്കയത്തെ സഹോദരിയുടെ വീട്ടിൽ ജെസ്‌ന എത്തിയില്ല. കൂട്ടുകാരോടും ഒന്നും പറഞ്ഞിരുന്നില്ല. മൊബൈൽ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളുമെടുക്കാതെയാണ് ജെസ്‌ന വീട്ടിൽനിന്നുപോയത്.

* പെൺകുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, പെൺകുട്ടിയുടെ സഹപാഠികൾ, ബന്ധുക്കൾ എന്നിവരുടെ മൊഴികളിൽനിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റർനെറ്റില്ലാത്ത മൊബൈൽ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും പോയതുമായി കോൾ ലിസ്റ്റ് പരിശോധിച്ചതിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളായ പെൺകുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തിൽ മിടുക്കിയായ ജെസ്‌നയ്ക്ക്, കോളേജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് വിവരമെന്നും അന്നത്തെ വെച്ചൂച്ചിറ എസ്.ഐ. പറഞ്ഞു.

* ജെസ്‌ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി കടന്നുപോകുന്ന ബസിൽ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണക്യാമറയിൽ കണ്ടിരുന്നു. പോലീസ് ഇത് പരിശോധിച്ചു. ഒന്നും കൂടുതലായി കിട്ടിയില്ല. എരുമേലി, കാഞ്ഞിരപ്പള്ളി ടൗണുകളിലെ കടകളിലെ നിരീക്ഷണക്യാമറകളിൽ ജെസ്‌നയെപ്പോലെയുള്ള ഒരു യുവതിയുടെ ദൃശ്യം കണ്ടെങ്കിലും പോലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

* 2018 ഏപ്രിൽ-കുട്ടിയെ കണ്ടെത്തുന്നവർക്ക് പോലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരുവല്ല ഡിവൈ.എസ്.പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

* ജെസ്‌നയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയ അവരുടെ വസ്ത്രത്തിൽ, രക്തക്കറ പുരണ്ടിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസിനായില്ല.

* 2018 മേയ് 15-ഐ.ജി. മനോജ് ഏബ്രഹാം തലവനായി പ്രത്യേക അന്വേഷണം തുടങ്ങുമെന്ന് അറിയിപ്പുവന്നു. കുട്ടിയെ കണ്ടെത്തുന്നവർക്കുള്ള പ്രതിഫലം അഞ്ചുലക്ഷം രൂപയാക്കി ഉയർത്തുന്നു.

* 2018 മേയ് 27-മനോജ് ഏബ്രഹാം അന്വേഷണം ഏറ്റെടുത്തു

*2018 മേയ് 22-പത്തനംതിട്ട ഡി.സി.സി. വിഷയം ഏറ്റെടുത്ത് എസ്.പി.ഒാഫീസ് മാർച്ച് നടത്തി. അച്ഛനുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തി.

* മേയ് 28-കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞനിലയിൽ കണ്ട മൃതദേഹം ജെസ്‌നയുടെതെന്ന് സംശയിച്ചു. പല്ലിലെ ക്ലിപ്പാണ് സംശയത്തിനിടയാക്കിയത്. പിന്നീട് ഇത് ജെസ്‌നയല്ലെന്ന് സ്ഥിരീകരിച്ചു.

*2018 ജൂൺ 2-കുട്ടിയെ െബംഗളൂരുവിൽ കണ്ടതായി വിവരം പരന്നതിനാൽ പോലീസ് അവിടെ എത്തി. ഒരു ഉദ്യാനദൃശ്യത്തിൽ ജെസ്‌നയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടെന്ന് ഒരാൾ വിളിച്ചുപറയുകയായിരുന്നു. പക്ഷേ, വിശദപരിശോധനയിൽ കൃത്യമായി ഒന്നും കിട്ടിയില്ല. തൃശ്ശൂർ ഒല്ലൂരും അന്വേഷണം നടത്തി. ഒല്ലൂർ സ്വദേശിയായ യുവാവ് ഒപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. ഇത് തെളിയിക്കാനായില്ല. തമിഴ്നാട്ടിലും അന്വേഷിച്ചു. അച്ഛൻ ജെയിംസ് പണിത കെട്ടിടങ്ങളിലും പോലീസ് കുഴിച്ച് പരിശോധന നടത്തി. പരുന്തുംപാറയിലും ഉൗട്ടിയിലും ആത്മഹത്യാമുനമ്പുകളിൽ പോലീസ് പരിശോധിച്ചു. പരുന്തുംപാറയിൽ പോലീസ് കൊക്കയിൽ ഇറങ്ങി പരിശോധന നടത്തി.

* ജൂൺ 21-ജെസ്‌ന മാറിനിൽക്കുന്നതോ മനപൂർവം ആരെങ്കിലും മാറ്റി നിർത്തിയിരിക്കുന്നതോ ആകാമെന്ന് അച്ഛൻ. നുണപരിശോധന അടക്കം എന്തിനും താൻ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.

*2018 ജൂലായ്‌ 5-പോലീസ് സൈബർ സംഘം വിപുലീകരിച്ചു. ഒരു ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചു. 250 പേരെ ചോദ്യംചെയ്തു. ഫലമില്ല. താൻ മരിക്കാൻ പോകുന്നെന്ന് ജെസ്‌ന സുഹൃത്തിന് അയച്ച സന്ദേശവും മറ്റും ഫോണിൽനിന്ന് കണ്ടെടുത്തു. ഇത് നേരത്തെയും വന്നിട്ടുണ്ടെന്നും ജെസ്‌നയുടെ കുടുംബത്തെ അറിയിച്ചിരുന്നതായും ആൺ സുഹൃത്ത് പറഞ്ഞു. സൗഹൃദം മാത്രമാണ് ജെസ്‌നയുമായി തനിക്ക് ഉണ്ടായിരുന്നതെന്നും സുഹൃത്ത് പറഞ്ഞു. ഇദ്ദേഹത്തെ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും സംഭവത്തിൽ ഒരു പങ്കും ഇല്ലെന്നാണ് കണ്ടെത്തിയത്.

*2018 ഒാഗസ്റ്റ്-മഹാപ്രളയം വന്നതോടെ കേസന്വേഷണം മന്ദീഭവിച്ചു.

*2018 ഒക്ടോബർ 2-കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ടോമിൻ ജെ.തച്ചങ്കരി നേതൃത്വം നൽകി.

*2020 ഏപ്രിൽ 28-ക്രൈംബ്രാഞ്ച് സംഘത്തിന് നിർണായക വിവരം കിട്ടിയതായി വാർത്ത. പക്ഷേ, പ്രതികരിക്കാൻ സംഘം വിസമ്മതിച്ചു.

* 2020 ഫെബ്രുവരി 13-ക്രൈംബ്രാഞ്ച് സംഘത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പത്തനംതിട്ട എസ്.പി. കെ.ജി.സൈമൺ.

* 2020-ഡിസംബർ 30-ജെസ്‌ന എവിടെയുണ്ടെന്ന് അറിയാമെന്ന് എ.ഡി.ജി.പി. ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. പക്ഷേ, കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാന പ്രസ്താവന പത്തനംതിട്ട എസ്.പി.യായിരുന്ന കെ.ജി.സൈമണും നടത്തി. പക്ഷേ, അദ്ദേഹവും കൂടുതൽ വിവരം മാധ്യമങ്ങൾക്ക് നൽകിയില്ല.

* 2021-ഫെബ്രുവരി- ജെസ്‌നയെ കണ്ടെത്താൻ ഒരു സംഘടന ഹേബിയസ് കോർപസ് ഹർജി നൽകി. പിന്നീട് സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചു.

*2021 ഫെബ്രുവരി 2-ഹൈക്കോടതി ജഡ്ജിയുടെ കാറിൽ, എരുമേലി സ്വദേശി കരിഓയിൽ ഒഴിച്ചു. ജെസ്‌ന തിരോധാനത്തിൽ നീതി തേടിയായിരുന്നു ഇത്. സംഭവത്തിൽ പങ്കില്ലെന്ന് കുടുംബം വ്യക്തമാക്കി.