പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ച; രമേശ് ചെന്നിത്തല.

പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 69 ഓളം മണ്ഡലങ്ങളിൽ എന്‍.ഡി.എ. സഖ്യം ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. നേമം, മഞ്ചേശ്വരം, പാലക്കാട്, എന്നിവിടങ്ങളിലെ വോട്ടു കച്ചവടം വ്യക്തമാണ്. ഇവിടങ്ങളിലെല്ലാം ബി.ജെ.പി.യെ സംപൂജ്യരാക്കാന്‍ കഴിഞ്ഞത് യു.ഡി.എഫിന്റെ ശക്തമായ സാന്നിദ്ധ്യം കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാട്യങ്ങളും കണ്‍കെട്ട് വിദ്യകളുമില്ലാതെ യഥാര്‍ത്ഥ ബോധത്തോടെ ധനകാര്യം കൈകാര്യം ചെയ്താല്‍ മാത്രമേ വിജയിക്കാനാകൂ എന്നു അദ്ദേഹം പുതിയ ധനകാര്യ മന്ത്രിയെ ഓർമിപ്പിച്ചു. കടം ആകാശത്തോളം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ കടബാധ്യതയാകട്ടെ 3 ലക്ഷംകോടി കവിഞ്ഞു. ഒന്നാം പിറണായി സര്‍ക്കാർ അധികാരമേൽക്കുമ്പോൾ 1.5 ലക്ഷം കോടി ആയിരുന്ന കടം ഇപ്പോള്‍ 3 കോടിയായി ഉയര്‍ന്നിരിക്കുന്നു. 1957 മുതലുള്ള സര്‍ക്കാരുകളെ പരിശോധിച്ചാല്‍ ഇത്രയേറെ കടബാധ്യത വരുത്തിയ ഒരു സര്‍ക്കാര്‍ ഉണ്ടാകില്ല. ജനിച്ചുവീഴുന്ന ഓരോ കുട്ടിയ്ക്കും ഒരു ലക്ഷത്തിലേറെയുള്ള കടബാധ്യതയാണുള്ളത്.

കൊവിഡ് കാരണം മാത്രമല്ല ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ലക്കും ലഗാനുമില്ലാത്ത ധൂര്‍ത്തും അഴിമതിയും നികുതിപിരിവിലെ കെടുകാര്യസ്ഥതയും കടം മൂക്കോളമെത്തിച്ചു. ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ സര്‍ക്കാരിന് ശുഭകരമല്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പു നല്‍കി.

സ്ഥാനം ഒഴിയും മുമ്പ് തോമസ് ഐസക്ക് പറഞ്ഞത് ഖജനാവിൽ 5000 കോടി ബാക്കിയുണ്ട് എന്നാണ്. 18,000 കോടി കേന്ദ്രത്തില്‍നിന്ന് കിട്ടുമെന്നും പറഞ്ഞു. അതൊക്കെ എവിടെ? എവിടെ ഐസക്ക് പറഞ്ഞ കോവിഡ് പാക്കേജ്? ഇതെല്ലാം വെറും വാചകമടിയായിരുന്നു.

ഇടുക്കി പാക്കേജ് 5000 കോടി, കുട്ടനാട് പാക്കേജ് 3000 കോടി വയനാട് പാക്കേജ് 2000 കോടി ഇതിനുപുറമേ തീരദേശ പാക്കേജ്.. തോമസ് ഐസക്കിന്റെ ഈ പാക്കേജുകൾ എവിടെ? ആ പ്രഖ്യാപനങ്ങളിൽ ഒന്നും ഒരു ആത്മാര്‍ത്ഥതയില്ലെന്നും വ്യക്തമാണ്.

ഒരു തിരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം പ്രതിപക്ഷം കൊണ്ടുവന്ന അഴിമതികളെ വെള്ളപൂശാന്‍ കഴിയില്ല. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ താൻ പുറത്തു കൊണ്ടുവന്ന അഴിമതികളില്‍ സർക്കാരിന് യു ടേണ്‍ അടിക്കേണ്ടിവന്ന കാര്യം മറക്കരുത്. പല തീരുമാനങ്ങളില്‍നിന്നും പിന്നോക്കം പോകേണ്ടിവന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്. പ്രതിപക്ഷം കണ്ണിലെണ്ണയൊഴിച്ച്ഉറക്കമൊഴിച്ചിരുന്നതുകൊണ്ടാണ്. ഇനിയും സര്‍ക്കാരിന്റെ കൊള്ളകള്‍ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പോരാട്ടം തുടരുമെന്ന കാര്യത്തില്‍ ഒരു സംശയവുംവേണ്ട. സര്‍ക്കാരിനെതിരായ അഴിമതികളെല്ലാം ജനങ്ങളിലെത്തിയോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.

ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് കൂട്ടുനിന്നു എന്ന സാഹചര്യം ഉണ്ടായത് എന്തുകൊണ്ടാണ്. ഇത്തരം പല കൊള്ളകളും തന്റെ ഓഫീസില്‍ നടക്കുമ്പോഴും മുഖ്യമന്ത്രി കാഴ്ചക്കാരനായി നിന്നു. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. അത് കാരണം നിങ്ങള്‍ക്ക് കൊവിഡ് സമ്മാനമായി തുടര്‍ഭരണം ലഭിച്ചുവെന്നു മാത്രം. കൊവിഡ് കാരണം സര്‍ക്കാരിനെതിരായ കൊള്ളകള്‍ താഴെതട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ സര്‍ക്കാരാകട്ടെ, സ്വന്തം പാര്‍ട്ടിക്കാരെ കൊവിഡ് വോളന്റിയർമാറാക്കിയും മറ്റും വീടുവീടാന്തരം സര്‍ക്കാരിന് അനുകൂല പ്രചരണം നടത്തി. കോടികള്‍ മുടക്കി കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ വശത്താക്കി.

എന്നാല്‍, ഒരു പ്രതിപക്ഷമെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് ഞങ്ങളുടെ വിശ്വാസം. നിങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉള്ള സമീപനം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു മുഖ്യമന്ത്രിയെ നെഞ്ചിൽ കല്ലെറിഞ്ഞ് പരിക്കേല്പിച്ചവരാണ് നിങ്ങൾ. നിയമസഭ തകര്‍ത്തു. പൊതുമുതല്‍ നശിപ്പിച്ചു. എന്നാൽ യു.ഡി.എഫിന് വ്യത്യസ്ത സമീപനമാണ് പുലര്‍ത്തിയത്. ഒരു തുള്ളി ചോര പോലും വീഴ്ത്തിയില്ല. ബസ്സുകള്‍ കത്തിച്ചില്ല. എങ്കിലും ജനങ്ങള്‍ നിങ്ങളുടെ കൂടെ നിന്നത് കൊവിഡ് എന്ന മഹാമാരി കൊണ്ട് മാത്രമാണ്. ഇതുകൊണ്ടൊന്നും അഹങ്കരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു