പൗരത്വനിയമ വിഷയത്തില്‍ പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് കുഞ്ഞാലിക്കുട്ടി.

കേരളത്തില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധച്ചവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘സമരക്കാർക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ സമരം ചെയ്ത സാംസ്കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാൻ സാധിച്ചതിൽ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാണ്’. കേസുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് നാനാ ഭാഗത്തുനിന്നും ആവശ്യങ്ങൾ ഉയർന്നിട്ടും അതിനെതിരെ ചെറുവിരലനക്കാത്തത് സർക്കാരിന്‍റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.