‘ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ്’; വിവാദ പ്രസ്താവനയുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന വിവാദ പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വാരാന്ത്യ ലൈവ് പരിപാടിക്കിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ വിവാദ പ്രസ്താവന. സദാചാര മൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. പ്രലോഭനം ഒഴിവാക്കാന്‍ സ്ത്രീകള്‍ ശരീരം മറയ്ക്കണം. പര്‍ദ്ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

ബലാത്സംഗത്തെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തിയ ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇമ്രാന്‍ ഖാന്റെ പരാമര്‍ശം തെറ്റാണെന്നും വളരെ അപകടകരമാണെന്നുമാണ് വനിതാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.ബലാത്സംഗം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും ഇവര്‍ കുറ്റപ്പെടുത്തി.