രാജ്യത്തിന് ആശ്വാസം; പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ.

 ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് താഴെ രേഖപ്പെടുത്തുന്നത്. 1.82 ലക്ഷം പേര്‍ രോഗമുക്തി നേടി. മരണനിരക്കിലും കുറവുണ്ട്. 2,123 പേരാണ് മഹാമാരി ബാധിച്ച് മരണപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലായി 13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്തിറക്കാന്‍ സാധ്യത. നിലവില്‍ കേന്ദ്രം വാക്സിന്‍ വിതരണം നടത്തുന്നത് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും, കുത്തിവയ്പ്പിലെ സുതാര്യതയും അനുസരിച്ചാണ്. ഇത് തുടരും. 18-44 വിഭാഗങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കായിരിക്കും.

തമിഴ്നാട്ടില്‍ കോവിഡ് രൂക്ഷമായി തന്നെ തുടരുകയാണ്. രോഗവ്യാപനത്തില്‍ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തുന്നത്. പുതുതായി 19,448 കേസുകള്‍ സ്ഥിരീകരിച്ചു. 351 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പിലേക്ക് സംസ്ഥാനം കടന്നു.

കര്‍ണാടകയില്‍ 11,958 പേര്‍ക്കാണ് രോഗം ബാധിച്ചത്. 340 മരണവും സംഭവിച്ചു. എന്നാല്‍ രോഗമുക്തി നിരക്ക് സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നുണ്ട്. 27,299 പേരാണ് ഇന്നലെ മാത്രം ആശുപത്രി വിട്ടത്. ബംഗലൂരു സിറ്റിയില്‍ മാത്രം 199 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,992 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.