ലോക്കർ സേവനം ; രാജ്യത്തെ എല്ലാ ബാങ്കിനും ബാധകമാകുന്ന വ്യവസ്ഥകൾ തയ്യാറാക്കാൻ റിസേർവ് ബാങ്കിന് സുപ്രീം കോടതിയുടെ നിർദേശം

uploads/news/2021/02/463997/IMG_20210220_073049_702.jpg

ന്യൂഡൽഹി : ലോക്കർ സംബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കിനും ബാധകമാകുന്ന ലോക്കർ വ്യവസ്ഥകൾ തയ്യാറാക്കാൻ റിസേർവ് ബാങ്കിന് സുപ്രീം കോടതി നിർദേശം നൽകി. ലോക്കർ സംബന്ധിച്ച് ഇടപാടുകാർക്കുമേൽ ഏകപക്ഷീയ വ്യവസ്ഥകൾ അടിച്ചേൽപിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കർ സേവനവുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

ലോക്കറിന്റെ പൂട്ടു പൊളിക്കുന്നത് റിസർവ് ബാങ്ക് വ്യവസ്ഥകൾ പാലിച്ചു മാത്രം. അല്ലാത്ത നടപടി നിയമവിരുദ്ധം. പൂട്ടു പൊളിക്കും മുൻപ് ഇടപാടുകാരനു നോട്ടിസും ന്യായമായ സമയവും നൽകണമെന്നും നിർദേശമുണ്ട്.

ബാങ്കിൽ ലോക്കർ, താക്കോൽ റജിസ്റ്ററുകൾ സൂക്ഷിക്കുകയും ലോക്കർ മാറ്റി നൽകുന്നെങ്കിൽ, അതിലെ വസ്തുക്കൾ മാറ്റാൻ ന്യായമായ സമയം അനുവദിക്കുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.

കൂടാതെ, ദീർഘകാലമായി ഇടപാടില്ലാത്ത ലോക്കറിന്റെ ഉടമയെ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ ലോക്കറിലെ വസ്തുക്കൾ നോമിനികൾക്കോ നിയമപരമായി അവകാശമുള്ളവർക്കോ കൈമാറുന്നതും റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ പ്രകാരമായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.